ഗ്രന്ഥശാല
മതബോധന സഹായി · വിശ്വാസപ്രഖ്യാപനം

പരിശുദ്ധാത്മാവും സഭയും: പതിനാറു ചോദ്യങ്ങൾ

പരിശുദ്ധാത്മാവ് ആര്? സഭ എന്നാൽ എന്ത്? സഭയെ ഏകവും വിശുദ്ധവും കത്തോലിക്കവും ശ്ലൈഹികവും എന്നു വിളിക്കുന്നത് എന്തുകൊണ്ട്? ലളിതമായ ഭാഷയിൽ ചെറിയ ഉത്തരങ്ങൾ. കൂടുതൽ വായിക്കാൻ ഓരോ ഉത്തരത്തിനുമൊപ്പം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ (CCC) ഖണ്ഡികയുടെ നമ്പർ നൽകിയിട്ടുണ്ട്.

പരിശുദ്ധാത്മാവ് ആര്? CCC 685, 689

പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ; പിതാവിനോടും പുത്രനോടും ഏകസത്തയായ സത്യദൈവം. പിതാവിനോടും പുത്രനോടുമൊപ്പം അവിടുന്ന് ആരാധിക്കപ്പെടുകയും മഹത്ത്വപ്പെടുത്തപ്പെടുകയും ചെയ്യുന്നു. പിതാവ് തന്റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്റെ ശ്വാസമായ ആത്മാവിനെയും അയയ്ക്കുന്നു.

നാം അവിടുത്തെ അറിയുന്നത് എങ്ങനെ? CCC 683–684

"യേശു കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല" (1 കോറിന്തോസ് 12:3). നമ്മിൽ വിശ്വാസം ആദ്യം ഉണർത്തുന്നതും പുതുജീവൻ നൽകുന്നതും പരിശുദ്ധാത്മാവാണ്. എങ്കിലും ത്രിത്വത്തിലെ മൂന്ന് ആളുകളിൽ ഏറ്റവും ഒടുവിൽ പൂർണമായി വെളിപ്പെട്ടത് അവിടുന്നാണ്.

വിശുദ്ധ ഗ്രന്ഥം അവിടുത്തേക്ക് എന്തെല്ലാം പേരുകളും പ്രതീകങ്ങളും നൽകുന്നു? CCC 691–701

യേശു അവിടുത്തെ "പാറക്ലീത്താ" (Paraclete), അതായത് "നമ്മുടെ അരികിലേക്കു വിളിക്കപ്പെട്ടവൻ", സഹായകനും ആശ്വാസദായകനും, സത്യാത്മാവും എന്നു വിളിക്കുന്നു. വെള്ളം, അഭിഷേകം, അഗ്നി, മേഘവും പ്രകാശവും, മുദ്ര, കരം, ദൈവത്തിന്റെ വിരൽ, പ്രാവ് എന്നീ പ്രതീകങ്ങളിലൂടെ വിശുദ്ധ ഗ്രന്ഥം അവിടുത്തെ കാണിച്ചുതരുന്നു.

പന്തക്കുസ്തായിൽ എന്തു സംഭവിച്ചു? CCC 731–732

ഉയിർപ്പിനുശേഷം അമ്പതാം ദിവസം ക്രിസ്തു ശിഷ്യരുടെമേൽ പരിശുദ്ധാത്മാവിനെ വർഷിച്ചു. അന്നു പരിശുദ്ധ ത്രിത്വം പൂർണമായി വെളിപ്പെട്ടു; സഭയുടെ കാലം ആരംഭിച്ചു: ദൈവരാജ്യം ഇതിനകം നൽകപ്പെട്ടിരിക്കുന്നു, എങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.

"സഭ" എന്ന വാക്കിന്റെ അർഥമെന്ത്? CCC 751–752

ഗ്രീക്കിലെ "എക്ലേസിയ" (ekklesia) എന്ന വാക്കിൽനിന്നാണ് ഇതു വരുന്നത്: വിളിച്ചുകൂട്ടപ്പെട്ട സമൂഹം. ആരാധനയ്ക്കായി ഒന്നിച്ചുകൂടുന്ന സമൂഹം, പ്രാദേശികസമൂഹം, ലോകമെങ്ങുമുള്ള വിശ്വാസികളുടെ മുഴുവൻ സമൂഹം എന്നീ മൂന്നർഥങ്ങളും അതിനുണ്ട്; ഇവ വേർപിരിക്കാനാവാത്തവയാണ്. ക്രിസ്തുവിന്റെ വചനത്തിലും ശരീരത്തിലുംനിന്നാണ് സഭ ജീവിക്കുന്നത്.

യേശുവാണോ സഭ സ്ഥാപിച്ചത്? CCC 763–766

അതെ. ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് അവിടുന്ന് സഭയ്ക്കു തുടക്കമിട്ടു; ഒരു "ചെറിയ അജഗണ"ത്തെ തനിക്കുചുറ്റും ഒരുമിച്ചുകൂട്ടി; അതിന് ഒരു ഘടന നൽകി, പ്രത്യേകിച്ച് പത്രോസിനെ തലവനാക്കി പന്ത്രണ്ടുപേരെ. കുരിശിലെ അവിടുത്തെ സമ്പൂർണ ആത്മദാനത്തിൽനിന്നാണ് സഭ ജനിച്ചത്; തുറക്കപ്പെട്ട പാർശ്വത്തിൽനിന്ന് ഒഴുകിയ രക്തവും വെള്ളവും അതിന്റെ അടയാളമാണ്.

ബൈബിൾ സഭയെ എങ്ങനെ ചിത്രീകരിക്കുന്നു? CCC 781–782, 787–798

ദൈവജനമായി: ജനനംകൊണ്ടല്ല, വിശ്വാസവും മാമ്മോദീസയുംകൊണ്ടാണ് അതിൽ അംഗമാകുന്നത്. ക്രിസ്തുവിന്റെ ശരീരമായി: ക്രിസ്തു ശിരസ്സും, വിവിധ ദാനങ്ങളുള്ള അനേകം അവയവങ്ങളും. പരിശുദ്ധാത്മാവിന്റെ ആലയമായി: ശരീരത്തിന് ആത്മാവ് എന്തോ, അതാണ് സഭയ്ക്കു പരിശുദ്ധാത്മാവ്.

വരദാനങ്ങൾ (charisms) എന്നാൽ എന്ത്? CCC 799–801

അസാധാരണമോ ലളിതമോ ആയ, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ; സഭയെ പണിതുയർത്താനും ലോകത്തെ ശുശ്രൂഷിക്കാനും നൽകപ്പെടുന്നവ. നന്ദിയോടെ അവ സ്വീകരിക്കണം; സ്നേഹമാണ് അവയുടെ അളവുകോൽ; സഭയുടെ ഇടയന്മാരുടെ വിവേചനത്തിന് അവ എപ്പോഴും വിധേയമാണ്.

സഭയെ ഏക എന്നു വിളിക്കുന്നത് എന്തുകൊണ്ട്? CCC 813–816

അതിന്റെ ഉറവിടം മൂന്ന് ആളുകളിലുള്ള ഏകദൈവമാണ്; സ്ഥാപകൻ ക്രിസ്തുവാണ്; ആത്മാവ് പരിശുദ്ധാത്മാവാണ്. ഒരേ വിശ്വാസം, പൊതുവായ ആരാധനയും കൂദാശകളും, ശ്ലൈഹിക പിന്തുടർച്ച എന്നിവ അതിനെ ഒന്നിച്ചുനിർത്തുന്നു. ക്രിസ്തുവിന്റെ ഏകസഭ, പത്രോസിന്റെ പിൻഗാമിയും അദ്ദേഹത്തോടു കൂട്ടായ്മയിലുള്ള മെത്രാന്മാരും ഭരിക്കുന്ന കത്തോലിക്കാസഭയിൽ നിലനിൽക്കുന്നു (subsistit in).

മറ്റു ക്രൈസ്തവരെ സഭ എങ്ങനെ കാണുന്നു? CCC 817–819, 838

ആദരവോടും സ്നേഹത്തോടുംകൂടെ, സഹോദരീസഹോദരന്മാരായി. സഭയിൽനിന്നു വേർപെട്ട സമൂഹങ്ങളിൽ ഇന്നു ജനിക്കുന്നവരെ വേർപിരിയലിന്റെ പേരിൽ കുറ്റപ്പെടുത്താനാവില്ല. ശരിയായ മാമ്മോദീസ സ്വീകരിച്ചവരെല്ലാം ക്രിസ്തുവിനോടു ചേർക്കപ്പെട്ടിരിക്കുന്നു; വിശുദ്ധീകരണത്തിന്റെയും സത്യത്തിന്റെയും പല ഘടകങ്ങളും സഭയുടെ ദൃശ്യാതിർത്തികൾക്കു പുറത്തുമുണ്ട്. ഓർത്തഡോക്സ് സഭകളുമായുള്ള കൂട്ടായ്മ അത്ര ആഴമുള്ളതാണ്; ഒരുമിച്ചുള്ള ദിവ്യകാരുണ്യാഘോഷത്തിന് അല്പം മാത്രമേ കുറവുള്ളൂ.

ഏക കത്തോലിക്കാസഭയിൽ വിവിധ സഭകളുള്ളത് എന്തുകൊണ്ട്? CCC 814, 1202–1203

ആരംഭംമുതൽതന്നെ ഏകസഭയിൽ ജനതകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വലിയ വൈവിധ്യമുണ്ട്; അത് ഐക്യത്തിനു വിരുദ്ധമല്ല. ലത്തീൻ, സീറോ മലങ്കര, സീറോ മലബാർ സഭകളും മറ്റനേകം സഭകളും, സ്വന്തം ആരാധനക്രമവും പൈതൃകവുമുള്ള, റോമിലെ മെത്രാനുമായി പൂർണകൂട്ടായ്മയിലുള്ള സഭകളാണ്. നിയമാനുസൃതം അംഗീകരിക്കപ്പെട്ട എല്ലാ റീത്തുകൾക്കും തുല്യാവകാശവും തുല്യമഹത്ത്വവും ഉണ്ടെന്നു സഭ കരുതുന്നു. നിയമാനുസൃതമായ ഒരു ഹയരാർക്കിയാൽ ഒന്നിച്ചുചേർക്കപ്പെട്ടതും സഭയുടെ പരമാധികാരം വ്യക്തമായോ മൗനമായോ സ്വയാധികാരമുള്ളതായി അംഗീകരിച്ചതുമായ വിശ്വാസിസമൂഹത്തെ പൗരസ്ത്യസഭകളുടെ കാനോനസംഹിത "സ്വയാധികാര സഭ" (Ecclesia sui iuris) എന്നു വിളിക്കുന്നു (CCEO, കാനോന 27, ആശയം).

അംഗങ്ങൾ പാപം ചെയ്യുമ്പോൾ സഭ വിശുദ്ധയാകുന്നത് എങ്ങനെ? CCC 823–825, 827

ക്രിസ്തു സഭയെ തന്റെ മണവാട്ടിയായി സ്നേഹിച്ച് അതിനെ വിശുദ്ധീകരിക്കാൻ തന്നെത്തന്നെ ഏൽപിച്ചുകൊടുത്തതിനാലും, രക്ഷയുടെ മാർഗങ്ങളുടെ പൂർണത സഭയിലുള്ളതിനാലും സഭ വിശുദ്ധയാണ്. ഭൂമിയിൽ ആ വിശുദ്ധി യഥാർഥമാണ്, എങ്കിലും അപൂർണമാണ്. പാപികളെ സഭ മാറോടു ചേർക്കുന്നു; അതിന് എപ്പോഴും ശുദ്ധീകരണവും നവീകരണവും ആവശ്യമാണ്.

"കത്തോലിക്കം", "ശ്ലൈഹികം" എന്നിവയുടെ അർഥമെന്ത്? CCC 830–831, 857

"കത്തോലിക്കം" എന്നാൽ സാർവത്രികം: ക്രിസ്തു സഭയിൽ പൂർണമായി സന്നിഹിതനാണ്; മനുഷ്യവംശം മുഴുവനിലേക്കും സഭ അയയ്ക്കപ്പെട്ടിരിക്കുന്നു. "ശ്ലൈഹികം" എന്നാൽ സഭ അപ്പസ്തോലന്മാരുടെമേൽ പണിയപ്പെട്ടിരിക്കുന്നു, അവരുടെ പ്രബോധനം കാത്തുസൂക്ഷിച്ചു കൈമാറുന്നു, പത്രോസിന്റെ പിൻഗാമിയോടൊപ്പം അവരുടെ പിൻഗാമികളായ മെത്രാന്മാരാൽ ഇന്നും പഠിപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു.

മാർപാപ്പയുടെയും മെത്രാന്മാരുടെയും ധർമമെന്ത്? CCC 880–883, 891

ക്രിസ്തു പത്രോസിനെ തന്റെ സഭയുടെ പാറയും അജഗണത്തിന്റെ മുഴുവൻ ഇടയനുമാക്കി; അപ്പസ്തോലന്മാരെ പത്രോസ് തലവനായ ഒരു സംഘമാക്കി. അതുപോലെ റോമിലെ മെത്രാനായ മാർപാപ്പയും മെത്രാന്മാരും ഒരു സംഘമാണ്. മാർപാപ്പ ഐക്യത്തിന്റെ ദൃശ്യമായ ഉറവിടവും അടിസ്ഥാനവുമാണ്. വിശ്വാസത്തെയോ സന്മാർഗത്തെയോ സംബന്ധിച്ച ഒരു പ്രബോധനം അദ്ദേഹം അന്തിമമായി നിർവചിക്കുമ്പോൾ, അല്ലെങ്കിൽ മെത്രാന്മാർ അദ്ദേഹത്തോടൊപ്പം അങ്ങനെ ചെയ്യുമ്പോൾ, സഭ അപ്രമാദിത്വത്തോടെ പഠിപ്പിക്കുന്നു.

അല്മായരുടെയും സമർപ്പിതരുടെയും ദൗത്യമെന്ത്? CCC 897–900, 914–916

മാമ്മോദീസയിലൂടെ അല്മായർ ക്രിസ്തുവിന്റെ പൗരോഹിത്യ, പ്രവാചക, രാജകീയ ദൗത്യത്തിൽ പങ്കുചേരുന്നു. കുടുംബത്തിലും ജോലിയിലും സമൂഹത്തിലും ദൈവരാജ്യം അന്വേഷിക്കുക എന്നതാണ് അവരുടെ പ്രത്യേക വിളി. സമർപ്പിതരായ സ്ത്രീപുരുഷന്മാർ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ വ്രതമായി സ്വീകരിച്ച് വരാനിരിക്കുന്ന ദൈവരാജ്യം ലോകത്തിനു കാണിച്ചുകൊടുക്കുന്നു.

വിശുദ്ധരുടെ ഐക്യം എന്നാൽ എന്ത്? CCC 946–948, 954–958

വിശുദ്ധ വസ്തുക്കളിലുള്ള, പ്രത്യേകിച്ച് ദിവ്യകാരുണ്യത്തിലുള്ള, കൂട്ടായ്മയും വിശുദ്ധരായ വ്യക്തികൾ തമ്മിലുള്ള കൂട്ടായ്മയുമാണ് അത്. ഭൂമിയിലെ സഭയും മരണശേഷം ശുദ്ധീകരിക്കപ്പെടുന്നവരും സ്വർഗത്തിലെ വിശുദ്ധരും ഒരു കുടുംബമാണ്. വിശുദ്ധർ നമുക്കുവേണ്ടി പ്രാർഥിക്കുന്നു; നാം മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നു.

ഇതിനോടൊപ്പം അല്പനേരം

  1. പരിശുദ്ധാത്മാവാണ് സഭയുടെ ആത്മാവ്. എന്നെ നയിക്കണമേ എന്ന് ഞാൻ ദിവസവും അവിടുത്തോടു പ്രാർഥിക്കാറുണ്ടോ?
  2. മറ്റുള്ളവരുടെ നന്മയ്ക്കായി അവിടുന്ന് എനിക്കു നൽകിയ ദാനം ഏത്?
  3. വിശുദ്ധരുടെ ഐക്യത്തിൽ, സ്വർഗത്തിലോ ഇപ്പോഴും വഴിയിലോ ഉള്ള ആരോടൊപ്പം, ആർക്കുവേണ്ടി, ഇന്നു ഞാൻ പ്രാർഥിക്കും?

സ്രോതസ്സുകൾ: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, ഒന്നാം ഭാഗം, രണ്ടാം വിഭാഗം, മൂന്നാം അധ്യായം, എട്ടും ഒൻപതും വകുപ്പുകൾ (ഖണ്ഡികകൾ 683 മുതൽ 962 വരെ), ഖണ്ഡികകൾ 1202-1203, vatican.va-യിൽ പരിശോധിച്ചത്; പൗരസ്ത്യസഭകളുടെ കാനോനസംഹിത (1990), കാനോന 27. വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ POC ബൈബിളിൽനിന്ന്.